മണിപ്പൂര്‍ കലാപത്തിലെ പ്രതിഷേധം രാജ്യമെങ്ങും പടരുന്നു; ഗുജറാത്തില്‍ ഇന്ന് ബന്ദ്

മണിപ്പൂര്‍ കലാപത്തിലെ പ്രതിഷേധം രാജ്യമെങ്ങും പടരുന്നു; ഗുജറാത്തില്‍ ഇന്ന് ബന്ദ്
മണിപ്പൂരിലെ കലാപത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ ആദിവാസി മേഖലയില്‍ ഇന്നു ബന്ദിന് ആഹ്വാനം. ആദിവാസി ഏക്ത മഞ്ച് അടക്കമുള്ള സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിന് കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മണിപ്പൂരിന് പുറമെ മധ്യപ്രദേശിലും ഗുജറാത്തിലും ആദിവാസികളോടുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബന്ദെന്ന് ആദിവാസി നേതാവ് പ്രഫുല്‍ വാസവ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ ക്രൂരബലാല്‍സംഗ കൊലപാതക കേസുകളുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പലതിലും മണിപ്പൂര്‍ പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് തെളിയുകയാണ്. രണ്ട് കൂക്കി യുവതികളെ നഗ്‌നരായി റോഡിലൂടെ നടത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടര മാസത്തിന് ശേഷം വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് പൊലീസ് അറസ്റ്റ് നടപടികള്‍ തുടങ്ങിയത്. അതേ പൊലീസ് സ്റ്റേഷനില്‍ രണ്ട് മാസം മുമ്പ് രണ്ട് കൂക്കി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊന്ന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു മാസമെടുത്താണ് എഫ്‌ഐആര്‍ ജൂറിസ്ഡിക്ഷന്‍ പരിധിയിലേക്കുള്ള ഇംഫാല്‍ ഈസ്റ്റിലെ പൊലീസിന് കൈമാറിയത്. പൊലീസ് എന്തെങ്കിലും നടപടി സംഭവം നടന്ന് രണ്ട് മാസത്തിനിടയില്‍ എടുത്തതായി അറിയില്ലെന്നാണ് കൊല്ലപ്പെട്ട യുവതികളുടെ കുടുംബം പറയുന്നത്.

മണിപ്പൂര്‍ കലാപത്തിലും വീടും നാടും നഷ്ടമായി ക്രൂര ആക്രമണത്തിനിരയായി പലയിടങ്ങളിലായി ചിതറിപ്പോയകൂക്കി വിഭാഗക്കാര്‍ പലയിടങ്ങളിലും തങ്ങള്‍ നേരിട്ട അതിക്രമത്തെ കുറിച്ച് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. മണിപ്പൂരില്‍ ഇത്തരത്തില്‍ പല പൊലീസ് സ്റ്റേഷനിലുകളിലും സീറോ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കേസ് നടന്ന ജൂറിസ്ഡിക്ഷന്‍ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് പലതും കൈമാറിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കലാപം നേരിടുന്നതില്‍ മണിപ്പൂര്‍ സര്‍ക്കാരിന് വന്‍ വീഴ്ചയാണ് വന്നതെന്ന് വ്യക്തമാക്കുകയാണ് പുറത്തുവരുന്ന വിവരങ്ങളോരോന്നും.

തോബാലില്‍ 45 കാരിയെ നഗ്‌നയാക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്തുവന്നു. ഇംഫാലില്‍ പ്രതിഷേധം കനക്കുകയാണെന്ന വാര്‍ത്തയാണ് മണിപ്പൂരില്‍ നിന്ന് പുറത്തു വരുന്നത്. ഘാരിയില്‍ നടന്ന സ്ത്രീകളുടെ പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞ് ടയര്‍ കത്തിച്ചതോടെ പൊലീസ് നടപടിയെടുത്തു.

Other News in this category



4malayalees Recommends