ടോയ്‌ലറ്റില്‍ ഒളിക്യാമറ ; മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ടോയ്‌ലറ്റില്‍ ഒളിക്യാമറ  ; മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു
ടോയ്‌ലറ്റില്‍ ഒളിക്യാമറ വെച്ചതിന് മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പിയിലെ ഒരു പാരാമെഡിക്കല്‍ കോളേജിലാണ് സംഭവം. സഹപാഠിയായ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ഉഡുപ്പി കോളേജില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് കാലു സിംഗ് ചൗഹാന്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ജൂലൈ 18 ന് ഉച്ചയ്ക്ക് 2.30 നും 3 നും ഇടയിലാണ് ഒളിക്യാമറ ചിത്രീകരണം നടന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജൂലൈ 20 ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥി ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ തമാശയ്ക്ക് ചിത്രീകരിക്കുകയായിരുന്നുവെന്നാണ് കോളേജ് മാനേജ്‌മെന്റ് ആദ്യം പറഞ്ഞത്. ഇത് വിവാദമായിരുന്നു. സംഭവം പുറത്തായപ്പോള്‍ ഇരയുടെ സാന്നിധ്യത്തില്‍ വീഡിയോ ഡിലീറ്റ് ചെയ്യുകയും കുറ്റാരോപിതരായ പെണ്‍കുട്ടികള്‍ തങ്ങളുടെ പെരുമാറ്റത്തിന് മാപ്പ് പറയുകയും ചെയ്തു. കോളേജ് മാനേജ്‌മെന്റ് മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഇരയായ യുവതി തയ്യാറായില്ലെന്നും കോളേജ് അധികൃതര്‍ പറയുന്നു. ജൂലൈ 25 ന് കോളേജ് മാനേജ്‌മെന്റ് പത്രസമ്മേളനത്തില്‍ മൂന്ന് പെണ്‍കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു.

ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും പാരാമെഡിക്കല്‍ കോളേജ് ഡയറക്ടര്‍ പറഞ്ഞു.

Other News in this category



4malayalees Recommends