പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ എല്ലാ പ്രതിഷേധ തന്ത്രവും പയറ്റാനൊരുങ്ങി പ്രതിപക്ഷ ഐക്യം. ലോക്‌സഭയിലും രാജ്യസഭയിലുമുള്ള പ്രതിപക്ഷ എംപിമാരോട് ഇന്ന് കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ എത്താനാണ് 'ഇന്ത്യ' മുന്നണി ആവശ്യപ്പെട്ടത്. കറുത്ത ഷര്‍ട്ടോ വസ്ത്രങ്ങളോ ധരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കറുത്ത ബാന്‍ഡ് കയ്യില്‍ കെട്ടാനും എംപിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തേയും മോദി സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും കറുപ്പണിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തീരുമാനത്തിലും കറുപ്പണിഞ്ഞാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്.
പ്രതിപക്ഷ ചേംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ യോഗം ചേര്‍ന്നു. കറുത്ത വസ്ത്രം ധരിച്ചെത്തി തന്നെയാണ് പ്രതിപക്ഷാംഗങ്ങള്‍ എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്.
'ഇന്ത്യ' മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാതെ പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുന്നു. മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ വിശദമായ ചര്‍ച്ച നടത്തുകയും പ്രധാനമന്ത്രി കൃത്യമായ വിശദീകരണങ്ങള്‍ നല്‍കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.
കോണ്‍ഗ്രസ് ഇന്നതെ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി മോദിസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭരണപക്ഷത്തിനുമെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ അവതരണാനുമതി നല്‍കിയിട്ടുണ്ട്.