ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അവധിക്ക് നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയതായി പരാതി. ജാവേദ് അഹമ്മദ് വാനി (25) എന്ന സൈനികനെയാണ് കാണാതായത്. ലഡാക്കിലാണ് ജാവേദ് അഹമ്മദ് വാനി ജോലി ചെയ്തിരുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സൈനികനെ കാണാതായത്.
നാട്ടിലെത്തിയ ജാവേദ് അഹമ്മദ് വാനി പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി ചൗവ്വല്‍ഗാമിലേക്ക് കാറില്‍ പോയിരുന്നു. ഇതിന് ശേഷമാണ് സൈനികനെ കാണാതായത്. വീട്ടിലേക്ക് മടങ്ങി വരാതായതോടെ കുടുംബം സമീപ പ്രദേശങ്ങളിലും പരിസര ഗ്രാമങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ സൈനികന്‍ സഞ്ചരിച്ച കാറ് പരന്‍ഹാല്‍ ഗ്രാമത്തില്‍ നിന്ന് കണ്ടെത്തി.
കാറിന്റെ ഡോര്‍ തുറന്നിട്ട നിലയിലായിരുന്നു. കാറില്‍ നിന്ന് ഒരു ജോടി ചെരിപ്പും രക്തക്കറയും കണ്ടെത്തിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയ സൈനികനെ കണ്ടെത്താന്‍ ഇന്ത്യന്‍ സൈന്യവും പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.