വരാനിരിക്കുന്ന രക്ഷാബന്ധന്‍ ദിനം മുസ്ലീം സ്ത്രീകള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളുടെ സുരക്ഷിതത്വബോധം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന അവകാശവാദത്തോടെയാണ് മോദി ബിജെപി നേതാക്കള്‍ക്ക് രക്ഷാബന്ധന്‍ ആഘോഷം സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
പശ്ചിമബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരെ പങ്കെടുപ്പിച്ചുകൊണ്ട് തിങ്കളാഴ്ച്ച രാത്രി ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് നിര്‍ദേശം.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി നിരന്തരം സംവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മോദി രക്താബന്ധന്‍ ദിനത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളുമായി ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഓഗസ്റ്റ് 30 ന് ഹിന്ദു വിശ്വാസ പ്രകാരം സഹോദര സ്‌നേഹത്തിന്റെ ആഘോഷമായിട്ടാണ് രക്ഷാബന്ധനെ കാണുന്നത്. 2019 ലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ഇത് പ്രകാരം മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍കുറ്റമാണ്.
പുരുഷന്മാര്‍ക്കൊപ്പമല്ലാതെ 2023 ല്‍ നാലായിരത്തിലധികം വനിതകള്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചത് വലിയൊരു പരിവര്‍ത്തനമാണെന്നും നരേന്ദ്രമോദി കഴിഞ്ഞ മന്‍ കി ബാത്തിലൂടെ വ്യക്തമാക്കിയിരുന്നു.