'ക്ഷേത്രത്തിനകത്ത് നിന്നും പൊലീസ് സാന്നിധ്യത്തില്‍ വെടിവെക്കുന്നത് ബജ്‌റംഗ് ദള്‍'; ആരോപണം തള്ളി പൊലീസ്

'ക്ഷേത്രത്തിനകത്ത് നിന്നും പൊലീസ് സാന്നിധ്യത്തില്‍ വെടിവെക്കുന്നത് ബജ്‌റംഗ് ദള്‍'; ആരോപണം തള്ളി പൊലീസ്
ഹരിയാനയില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ വെടിവെക്കുന്ന യുവാവ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനെന്ന് ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍. നല്‍ഹാര്‍ ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച്ച നടന്നതെന്ന് കരുതുന്ന സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവിട്ടിരിക്കുകയാണ് സുബൈര്‍. ഒന്നിലധികം യുവാക്കള്‍ ആയുധങ്ങളുമായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസിന്റെ കയ്യിലും ആയുധം ഉണ്ട്. അതേസമയം മുഹമ്മദ് സുബൈറിന്റെ ആരോപണം പൊലീസ് തള്ളി.

ഹരിയാനയിലെ നൂഹ് ജില്ലയില്‍ സംഘര്‍ഷം ഉടലെടുത്ത തിങ്കളാഴ്ച്ച പകര്‍ത്തിയതാണ് ഈ വീഡിയോ. 'പൊലീസ് സാന്നിധ്യത്തില്‍ നല്‍ഹാര്‍ ശിവക്ഷേത്രത്തിനുള്ളില്‍ നിന്നുകൊണ്ട് വെടിവെക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ?. അതില്‍ നിരവധി പേര്‍ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടില്‍ 'ബജ്‌റംഗ് ദള്‍ സോനിപത് ഹരിയാന' എന്ന് എഴുതിയിട്ടുണ്ട്' എന്നും സുബൈര്‍ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചു. വീഡിയോയില്‍ വെടിവെക്കുന്നയാള്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ള ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനായ അശോക് ബാബയാണെന്നും സുബൈര്‍ ട്വീറ്റ് ചെയ്തു. അശോക് ഈയടുത്ത് സംസ്ഥാന ഗതാഗത മന്ത്രി മൂല്‍ചന്ദ് ശര്‍മയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടെന്നും സുബൈര്‍ പറഞ്ഞു.

ഇതിന് പുറമേ രാജസ്ഥാന്‍ പൊലീസ് തേടുന്ന കൊലപാതക കേസ് പ്രതിയും പശു സംരക്ഷകനുമായ മോനു മനേസറിനൊപ്പം അശോക് ഇരിക്കുന്ന വീഡിയോയും സുബൈര്‍ പങ്കുവെച്ചു. അതേസമയം സുബൈറിന്റെ വാദം തള്ളിയ പൊലീസ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അന്വേഷണം നടത്തുമെന്ന് ഹരിയാന പൊലീസ് ഓഫീസര്‍ പ്രതികരിച്ചു.

ഹരിയാനയിലെ നൂഹ് ജില്ലയിലും സമീപ പ്രദേശങ്ങളിലും മൂന്ന് ദിവസമായി തുടരുന്ന കലാപങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 165 ആയി. നാല് ജില്ലകളിലായി 83 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ 139 പേരും നൂഹ് ജില്ലയില്‍ നിന്നുള്ളവരാണ്.

Other News in this category



4malayalees Recommends