കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് ഇന്ന് വിജ്ഞാപനമിറക്കിയത്. ഇതോടെ നാളെ കേന്ദ്ര സര്‍ക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കാന്‍ സ്പീക്കറെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. സ്പീക്കര്‍ ഒഴിഞ്ഞുമാറുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സെക്രട്ടേറിയറ്റിന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കത്ത് നല്‍കിയിരുന്നു. രാഹുലിന്റെ അയോഗ്യത നീക്കാനുള്ള രേഖകള്‍ നേരിട്ട് കൈപ്പറ്റിയില്ലെന്നും കത്ത് തപാലില്‍ അയച്ചപ്പോള്‍ അതില്‍ സീല്‍വെക്കാന്‍ തയാറായില്ലെന്നും ആരോപണമുന്നയിച്ചിരുന്നു.
137 ദിവസങ്ങളുടെ അയോഗ്യതയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തുക. നാളെയും മറ്റെന്നാളുമായി 12 മണിക്കൂറാണ് അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു ലോക്‌സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയ ഗൗരവ് ഗൊഗോയ്ക്കു ശേഷം രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്തുനിന്ന് പ്രസംഗിക്കുക.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ രാഹുലിനെതിരായ സൂറത്ത് കോടതിയുടെ ശിക്ഷ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍, 'മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്ന പേരുള്ളത് എന്തുകൊണ്ട്?' എന്ന പരാമര്‍ശമാണ് കേസിനടിസ്ഥാനം. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് രാഹുലിന് എതിരെ പരാതി നല്‍കിയത്.