പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കാമുകനൊപ്പം ജീവിക്കാനായി ഭാര്യ ആസൂത്രണം ചെയ്ത കൊലയെന്ന് പോലീസ്

പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കാമുകനൊപ്പം ജീവിക്കാനായി ഭാര്യ ആസൂത്രണം ചെയ്ത കൊലയെന്ന് പോലീസ്
വിശാഖപട്ടണം പോലീസ് കോണ്‍സ്റ്റബിളിനെ മരിച്ചനിലയില്‍ ആന്ധ്രാപ്രദേശില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വിശാഖപട്ടണം ശിവാജിപാലം സ്വദേശിയും ആന്ധ്ര പോലീസില്‍ കോണ്‍സ്റ്റബിളുമായ ബി രമേശ്കുമാറി(40)ന്റെ മരണം കൊലപാതകമെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

സംഭവത്തില്‍ രമേശ്കുമാറിന്റെ ഭാര്യ ബി ശിവജ്യോതിയെയും ഇവരുടെ കാമുകനും അയല്‍ക്കാരനുമായ രാമറാവു, കൂട്ടാളി നീല എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണം വണ്‍ടൗണ്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ രമേശ്കുമാര്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് പോലീസിന് തുടക്കം മുതല്‍ സൂചനയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയാണ് രമേശ് കുമാറിനെവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പോലീസ് ഭാര്യയെയും കുടുംബാംഗങ്ങളെയും ചോദ്യംചെയ്തതില്‍ നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇവരുടെ അയല്‍ക്കാരനായ രാമരാവുവിന് ഒപ്പം ജീവിക്കാനായി ഭാര്യ ശിവജ്യോതി നടത്തിയ കൊലപാതകമാണിതെന്ന് പോലീസ് പറയുന്നു.

അയല്‍ക്കാരായ രാമറാവുവും ശിവജ്യോതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം അറിഞ്ഞ രമേശ്കുമാര്‍ ഭാര്യയെ ഈ ബന്ധത്തില്‍നിന്ന് വിലക്കിയിരുന്നു. എന്നാല്‍ ശിവജ്യോതി കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇതറിഞ്ഞ രമേശ് കുമാര്‍ ഭാര്യയോട് വീട്ടില്‍നിന്ന് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ശിവജ്യോതി കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്.

ചൊവ്വാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ രമേശ്കുമാറിന് ശിവജ്യോതി മദ്യം നല്‍കി. മദ്യലഹരിയില്‍ ഭര്‍ത്താവ് ഉറങ്ങിയ സമയത്ത് യുവതി കാമുകനെയും കൂട്ടാളിയെയും വിളിച്ചുവരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് രമേശ്കുമാറിനെ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയശേഷം ഭര്‍ത്താവിന്റേത് സ്വാഭാവികമരണമായി ചിത്രീകരിക്കാനും ശ്രമിച്ചു. എന്നാല്‍ പോലീസ് പോലീസിന്റെ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

Other News in this category



4malayalees Recommends