=മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നിരന്തരം മുദ്രാവാക്യം മുഴക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയാനെ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധന്‍കറാണ് നടപടി എടുത്തത്. വര്‍ഷകലാ സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെന്‍ഷന്‍.
സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയും രാജ്യസഭാംഗത്തിനു ചേരാത്ത വിധത്തില്‍ പെരുമാറുകയും അധ്യക്ഷനെ അനുസരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡെറകിനെ സസ്‌പെന്‍ഷന്‍. സഭാ നേതാവ് പിയൂഷ് ഗോയല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ന് പ്രമേയം അവതരിപ്പിച്ചിരുന്നു. ഡെറക്കിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ സഭ പ്രക്ഷുബ്ദമായി. ഇതേത്തുടര്‍ന്ന് രാജ്യസഭ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുയാണ്.
അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിച്ചു. മണിപ്പൂര്‍ കലാപം പ്രധാന വിഷയമാക്കി മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയി ആണ് അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്.