70,000 രൂപയ്ക്ക് 'വാങ്ങി' വിവാഹം കഴിച്ച സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വനമേഖലയില്‍ മൃതദേഹം ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയിലാണ് ധരംവീര്‍ എന്നയാള്‍ ഭാര്യയെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചത്. ഭാര്യയുടെ പെരുമാറ്റത്തില്‍ അതൃപ്തിയുളളതിനാലാണ് ഇയാള്‍ കൊലപാതകം നടത്തിയത് എന്ന് പൊലീസ് അറിയിച്ചു. ഇയാളെയും കൊലപാതകത്തിന് സഹായിച്ച മറ്റ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച ഫത്തേപൂര്‍ ബേരിയിലെ ജീല്‍ ഖുര്‍ദ് അതിര്‍ത്തിക്കടുത്തുള്ള വനത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരു പിസിആര്‍ കോള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 1.40 ഓടെ ആ ഭാഗത്ത് സംശയാസ്പദമായി ഒരു ഓട്ടോറിക്ഷയുടെ സാന്നിധ്യം കണ്ടെത്തി. ഓട്ടോറിക്ഷയുടെ റൂട്ട് ട്രാക്ക് ചെയ്യുകയും രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവര്‍ ഛത്തര്‍പൂര്‍ സ്വദേശിയായ അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചന്ദന്‍ ചൗധരി പറഞ്ഞു.
താനും ഭാര്യാസഹോദരന്മാരായ നംഗ്ലോയ് നിവാസികളായ ധരംവീറും സത്യവാനും ചേര്‍ന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചതായി ഡിസിപി പറഞ്ഞു. ധരംവീറിന്റെ ഭാര്യ സ്വീറ്റിയാണ് കൊല്ലപ്പെട്ടത്. ഹരിയാന അതിര്‍ത്തിക്കടുത്ത് വെച്ച് സ്വീറ്റിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടിലേക്ക് വലിച്ചെറിയുകായിരുന്നു. പ്രദേശത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും, അതിനാലാണ് കുറ്റം ചെയ്യുന്നതിനും മൃതദേഹം ഉപേക്ഷിക്കുന്നതിനും വനപ്രദേശം തിരഞ്ഞെടുത്തതെന്നും ഇയാള്‍ പറഞ്ഞതായും ഡിസിപി അറിയിച്ചു.
യുവതി പലപ്പോഴും വീട് വിട്ട് പോയിരുന്നു എന്നും ഈ പെരുമാറ്റത്തില്‍ ധരംവീര്‍ തൃപ്തനല്ലായിരുന്നു എന്നും അരുണ്‍ പറഞ്ഞു. 70,000 രൂപ നല്‍കിയാണ് കൊല്ലപ്പെട്ട സ്ത്രീയെ ധരംവീര്‍ വിവാഹം കഴിച്ചത്. ഇരയുടെ മാതാപിതാക്കളെക്കുറിച്ചോ കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ ആര്‍ക്കും അറിയില്ലെന്നും അരുണ്‍ വെളിപ്പെടുത്തിയാതായി ഡിസിപി പറഞ്ഞു. സ്വീറ്റി ഒരിക്കലും മാതാപിതാക്കളെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്ന് പ്രതി പറഞ്ഞു. ബീഹാറിലെ പട്‌ന സ്വദേശിയാണെന്ന് മാത്രമാണ് യുവതി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.