ഓഫീസില്‍ വച്ച് യുവതിയുമായുള്ള ഇന്റിമേറ്റ് വീഡിയോ പ്രചരിച്ചതിന് പിന്നാലെ ജില്ലാ കലക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടര്‍ ഡിഎസ് ഗധ്‌വിയെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. മോശം പെരുമാറ്റവും ധാര്‍മികതയ്ക്ക് വിരുദ്ധമെന്നും ആരോപിച്ചാണ് നടപടി. ജില്ലാ കളക്ടറുടെ അധിക ചുമതല ജില്ലാ വികസന ഓഫീസര്‍ മിലിന്ദ് ബാപ്നക്ക് സര്‍ക്കാര്‍ കൈമാറി.
സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് എസിഎസ് സുനൈന തോമര്‍ അധ്യക്ഷയായ അഞ്ചംഗ വനിതാ ഓഫീസര്‍മാരുടെ സമിതിയെ നിയോഗിച്ചു. വിഷയം അന്വേഷിച്ച് ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
കലക്ടര്‍ ഓഫീസില്‍ വെച്ച് സ്ത്രീയുമായി അടുത്ത് ഇടപഴകുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. വീഡിയോയുടെ ആധികാരികത പരിശോധിച്ചാണ് നടപടി.
2008 ബാച്ചില്‍ സ്ഥാനക്കയറ്റം ലഭിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കലക്ടറുടെ ഫോണ്‍ പരിശോധനക്കായി പിടിച്ചെടുത്തു. 2022ലാണ് ഇയാള്‍ കലക്ടറാകുന്നത്. മുന്‍പ് ഡിഡിഒ ചുമതല വഹിച്ച സമയവും ആരോപണം നേരിട്ടിരുന്നു.