അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ 100 കോടി രൂപ ചെലവില്‍ ക്ഷേത്രം നിര്‍മിക്കുന്നു. സാഗര്‍ ജില്ലയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. 14ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. 10,000 ചതുരശ്ര അടിയില്‍ നാഗര ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. രവിദാസിന്റെ സൃഷ്ടികളും വ്യക്തി പ്രഭാവവും വെളിപ്പെടുത്തുന്ന രീതിയില്‍ മ്യൂസിയവും നിര്‍മ്മിക്കും. മ്യൂസിയത്തില്‍ നാല് ഗാലറികള്‍ സജ്ജീകരിക്കും. ലൈബ്രറിക്ക് പുറമെ സംഗത് ഹാള്‍ (മീറ്റിംഗ് ഹാള്‍), ജല്‍ കുണ്ഡ് (ജല സംഭരണി), ഭക്ത് നിവാസ് (ഭക്തര്‍ക്കുള്ള താമസം) എന്നിവയും നിര്‍മ്മിക്കും.
ഇന്ത്യയിലും വിദേശത്തെയും രവിദാസിന്റെ ഭക്തരെ ആകര്‍ഷിക്കുകയാണ് ക്ഷേത്ര നിര്‍മാണത്തിന്റെ ലക്ഷ്യം. 15,000 ചതുരശ്ര അടിയില്‍ ഭക്ഷണശാല നിര്‍മിക്കും. മധ്യകാല ഇന്ത്യയിലെ ഭക്തി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു സന്ത് രവിദാസ്. സംസ്ഥാനത്തെ ദളിത് വിഭാ?ഗത്തെ പാര്‍ട്ടിയോടടുപ്പിക്കുകയാണ് ക്ഷേത്ര നിര്‍മാണത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. നേരത്തെ മൈഹാറില്‍ 3.5 കോടി രൂപ ചെലവില്‍ സന്ത് രവിദാസ് ക്ഷേത്രം നിര്‍മ്മിച്ചിരുന്നു.