നൂറു തവണ തന്നെ പാര്‍ലമെന്റില്‍നിന്നു മോദി അയോഗ്യനാക്കാന്‍ ശ്രമിച്ചാലും വയനാടും ഞാനും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി എംപി. പാര്‍ലമെന്റ് അംഗത്വം സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടശേഷം ആദ്യമായി ജില്ലയിലെത്തിയപ്പോള്‍ കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആരെങ്കിലും കുടുംബത്തിലെ അംഗങ്ങളെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ ആ ബന്ധം കൂടുതല്‍ ശക്തിപ്പെടും. അത് അവര്‍ക്ക് അറിയില്ല. കാരണം, കുടുംബങ്ങളുടെ ബന്ധം ബി.ജെ.പിക്ക് അറിയില്ല. ഇന്ത്യ എന്ന കുടുംബത്തെ പിളര്‍ത്താനാണ് ബി.ജെ.പിയും മോദിയും ശ്രമിക്കുന്നത്. മണിപ്പുരില്‍ കാണുന്നത് അതാണ്. അവിടെ സ്ത്രീകളെയും കുട്ടികളെയും കൊല്ലുകയാണ്. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരകളാകുന്നു.
19 വര്‍ഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രയും വേദനിപ്പിക്കുന്ന അവസ്ഥ കണ്ടിട്ടില്ല. അവിടത്തെ ദുരിതാശ്വാസ ക്യമ്പുകള്‍ സന്ദര്‍ശിച്ച് ആളുകളോടു സംസാരിച്ചു. വേദനിപ്പിക്കുന്ന പല കാര്യങ്ങളും അവര്‍ എന്നോടു പങ്കുവച്ചു. കണ്‍മുന്നില്‍ വച്ചു സ്വന്തം മകന്‍ വെടിയേറ്റു മരിച്ച അമ്മയുടെ സങ്കടവും അതിലുണ്ട്.
മോദി കഴിഞ്ഞ നാലു മാസമായി എന്തു ചെയ്യുകയാണ്? ഞാന്‍ ഈ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. എന്നാല്‍, രണ്ടു മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗത്തില്‍ എന്നെയും എന്റെ കുടുംബത്തെയും ഇകഴ്ത്തിക്കാണിക്കാനും മറ്റു വിഷയങ്ങള്‍ സംസാരിക്കാനും കളിതമാശകള്‍ പറഞ്ഞു ചിരിക്കാനുമാണു പ്രധാനമന്ത്രിയും മറ്റു ബി.ജെ.പി. അംഗങ്ങളും ശ്രമിച്ചത്. മണിപ്പുര്‍ വിഷയത്തില്‍ വെറും രണ്ടു മിനിറ്റാണ് അദ്ദേഹം സംസരിച്ചത്.
ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.