പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറയുന്ന പ്രശ്‌നമില്ലന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി. ലോക്‌സഭയില്‍ നിന്നും തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. താനടക്കമുള്ള നാല് പ്രതിപക്ഷ എം എല്‍ എ മാരെ സസ്‌പെന്‍ഡ് ചെയ്തത് സര്‍ക്കാരിനെ ചോദ്യം ചെയ്തതിനുള്ള പ്രതികാര നടപടിയാണ്. മണിപ്പൂര്‍ വിഷയത്തില്‍ മോദി നിശബദ്ത പാലിക്കുകയായിരുന്നുവെന്ന് പറഞ്ഞത് പ്രധാനമന്ത്രിയെ അപമാനിക്കലല്ലന്നും അധീര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു.ഈ നടപടി വിചിത്രവും അപകടകരവുമാണ്. ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ നടപടികള്‍ തീര്‍ച്ചയായും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആത്മാവിനെ തകര്‍ക്കുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു
പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്.