സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ സൈന്യം പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നാണോ രാഹുല്‍ ഗാന്ധി കരുതുന്നതെന്ന ചോദ്യവുമായി ബിജെപി. ജനാധിപത്യ ചിന്തയുടെ ഒരടയാളവും രാഹുലിന്റെ മനസിലില്ലെന്നും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. അനുവദിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ സായുധ സേനയ്ക്ക് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു.
1966ല്‍ ഐസ്വാളില്‍ ബോംബ് വര്‍ഷിക്കാന്‍ വ്യോമസേനയോട് ഉത്തരവിട്ടുകൊണ്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്താണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി അന്വേഷിച്ചോയെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ''സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ സായുധ സേന പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രതീക്ഷിക്കുന്നുണ്ടോ? അതോ അവിടെ സൗഹാര്‍ദ്ദം വ്യാപിപ്പിച്ച് ആളുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിക്കണോ?', ബിജെപി നേതാവ് ചോദിച്ചു.
മണിപ്പൂരില്‍ മെയ്തി വിഭാഗവും കുക്കികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന് രാജ്യത്തെയോ രാഷ്ട്രീയമോ മനസ്സിലാകുന്നില്ലെന്നും രവിശങ്കര്‍പ്രസാദ് പറഞ്ഞു.