വര്‍ഷകാല സമ്മേളനത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കേന്ദ്രം 23 ബില്ലുകള്‍ പാസാക്കിയെടുത്തു. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് കേന്ദ്രം ബില്ലുകള്‍ പാസാക്കിയെടുത്തത്.പല ബില്ലുകളിലും ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുയര്‍ത്താന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും അസ്വസ്ഥത പുകയുന്നുണ്ട്. ഇത്തവണ ലോക്‌സഭ 43 % സമയവും രാജ്യസഭ 55 % സമയവും മാത്രമാണ് ചേര്‍ന്നത്. വളരെ പ്രധാനപ്പെട്ട ബില്ലുകളെല്ലാം ഒരു ചര്‍ച്ചയും കൂടാതെയാണ് കടന്നുപോയത്. മിക്കതും ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
ഡല്‍ഹി സര്‍വീസസ് ബില്ല് മാത്രമാണ് 5 മണിക്കൂറോളം ലോക്‌സഭയിലും 8 മണിക്കൂര്‍ രാജ്യസഭയിലും ചര്‍ച്ചയായത്. ഡിജിറ്റല്‍ വ്യക്തി സുരക്ഷാ ബില്‍ ആകട്ടെ രണ്ടു സഭകളിലും ഒരു മണിക്കൂറില്‍ താഴെ മാത്രമാണ് ചര്‍ച്ച ചെയ്തത്.
പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനം 11 നാണ് സമാപിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇരുസഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ജൂലൈ 20നാണ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത്.
വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ധമായിരുന്നു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് ഇത്തവണ ലോക്‌സഭ സാക്ഷ്യം വഹിച്ചത്. ഇരു സഭകളും പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് മിക്ക ദിവസങ്ങളിലും നേരത്തേ സഭ പിരിയുകയായിരുന്നു.