സാമൂഹികമാധ്യമങ്ങളില്‍ വൈറലായ കച്ചവടക്കാരനെ ഡല്‍ഹിയിലെ വീട്ടിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി. ഒരു ചാനല്‍ നടത്തിയ അഭിമുഖത്തിനിടെ കച്ചവടം കുറഞ്ഞ് പണം ലഭിക്കാത്തതിനാല്‍ വാക്കുകളില്ലാതെ വിതുമ്പി നിന്ന കച്ചവടക്കാരനെയാണ് രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ച് ഒപ്പം ഭക്ഷണവും കഴിച്ചത്. രാമേശ്വര്‍ എന്ന ഈ കച്ചവടക്കാരന്റെ ചിത്രം പങ്കുവെച്ച രാഹുല്‍ അടിസ്ഥാന മനുഷ്യന് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
'രാമേശ്വര്‍ ജി ഒരു അടിസ്ഥാന മനുഷ്യനാണ് കോടിക്കണക്കിന് ഇന്ത്യക്കാരുടെ സൗഹാര്‍ദ്ദപരമായ സ്വഭാവത്തിന്റെ ഒരു നേര്‍ക്കാഴ്ച അദ്ദേഹത്തില്‍ കാണാം. പ്രതികൂല സാഹചര്യങ്ങളിലും പുഞ്ചിരിയോടെ മുന്നേറുന്നവര്‍ യഥാര്‍ത്ഥത്തില്‍ 'ഭാരത് ഭാഗ്യ വിധാതാ'രാണ്,' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെയും പ്രിയങ്ക ഗാന്ധിയുെടെയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകളിലും രാഹുല്‍ കച്ചവടക്കാരനെ കാണുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ നായകനെ കാണണമെന്ന രാമേശ്വര്‍ ജിയുടെ ആഗ്രഹം സഫലമായി എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് ചിത്രം പങ്കുവെച്ചത്.
ജൂലൈയില്‍, പണപ്പെരുപ്പം മൂലമുള്ള തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുന്നതിനിടെ രാമേശ്വര്‍ വാക്കുകളില്ലാതെ വിതുമ്പുന്ന വീഡിയോ വൈറലായിരുന്നു. ന്യൂസ് മീഡിയ പ്ലാറ്റ്ഫോമായ ദി ലാലന്‍ടോപ്പിനോട് സംസാരിക്കുന്നതിനിടെയാണ് രാമേശ്വര്‍ തന്റെ അവസ്ഥ നിശബ്ദനായി പങ്കുവെച്ചത്. 'തക്കാളിയുടെ വില വല്ലാതെ കൂടുതലാണ്. വാങ്ങാന്‍ ആവശ്യമായ പണം കയ്യിലില്ല. ഈ പച്ചക്കറികള്‍ എന്ത് വിലയ്ക്ക് വില്ക്കാന് കഴിയുമെന്ന് പോലും എനിക്ക് ഉറപ്പില്ല. അവ മഴയില്‍ നനയുകയോ സ്റ്റോക്കിന് എന്തെങ്കിലും സംഭവിക്കുകയോ ചെയ്താല്‍ ഞങ്ങള്‍ക്ക് നഷ്ടം സംഭവിക്കും'. തന്റെ മൊത്തവ്യാപാരകേന്ദ്രത്തിലേക്ക് തക്കാളി വാങ്ങാന്‍ മകനോടൊപ്പം ഡല്‍ഹിയിലെ ആസാദ്പൂര് മാണ്ഡി മാര്‍ക്കറ്റ് സന്ദര്‍ശിച്ച രാമേശ്വര്‍ പറഞ്ഞു.
വിലക്കയറ്റം മൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. തൊട്ടുപിന്നാലെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഹുല്‍ ആസാദ്പൂര് മാണ്ഡി സന്ദര്‍ശിച്ചു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് രാഹുലിനെ കാണാനുള്ള ആഗ്രഹം രാമേശ്വര്‍ പ്രകടിപ്പിച്ചിരുന്നു.