വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനിലെ കോട്ടാ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലെയും പേയിങ് ഗസ്റ്റുകളിലെയും(പിജി) മുറികളില്‍ സ്പ്രിങ് ഘടിപ്പിച്ച സീലിങ് ഫാനുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശം. ജില്ലാ ഭരണകൂടമാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോച്ചിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന കോട്ട ജില്ലയില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്ന പ്രവണത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
20 കിലോഗ്രാം കൂടുതല്‍ ഭാരം ഫാനില്‍ വരുമ്പോള്‍ അത് താനെ പൊട്ടിവീഴുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്പ്രിങ് ഘടിപ്പിച്ച ഫാനുകള്‍ സ്ഥാപിക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി 2015ല്‍ തങ്ങളെ സമീപിച്ചിരുന്നതായി കോട്ടായിലെ ഹോസ്റ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് നവീന്‍ മിത്തല്‍ പറഞ്ഞു. ഇക്കാര്യം പിന്നീട് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. 2017ലും സമാനമായ നിര്‍ദേശം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിരുന്നു.
ഓരോ രണ്ടാഴ്ച കൂടുമ്പോഴും കോച്ചിങ് സെന്ററുകളിലെ കുട്ടികള്‍ക്കുവേണ്ടി മാനസിക പരിശോധനകള്‍ നടത്തുമെന്ന് നേരത്തെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ജീവനൊടുക്കുന്നതില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാന്‍ ഇത് സഹായിക്കും. കൂടാതെ, വിദ്യാര്‍ഥികള്‍ക്കുവേണ്ടി കൗണ്‍സലിങ് സംവിധാനവും ഒരുക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. കോച്ചിങ് സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് ആരായുന്നതിന് വേണ്ടി ഓഗസ്റ്റ് 12ന് കോച്ചിങ് സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധിമാരുടെ ജില്ലാതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.
കുട്ടികളിലെ ജീവനൊടുക്കുന്ന പ്രവണത കുറയ്ക്കുന്നതിനായി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ ഡെസ്‌കുകള്‍, കൗണ്‍സിങ്, ആഴ്ചയിലൊരു ദിവസം ലീവ് തുടങ്ങിയവയും അതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ, പാഠ്യേതര വിഷയങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള അവസരവും കോച്ചിങ് തുടരാന്‍ ഇഷ്ടമല്ലെങ്കില്‍ ഫീസ് ആയി കെട്ടിവെച്ച പണം തിരികെ നല്‍കാനുള്ള വ്യവസ്ഥയും ഏര്‍പ്പെടുത്തിയിരുന്നു.