ഇന്ത്യയുടെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് ; ചാന്ദ്രയാന്‍ 3ന്റെ രണ്ടാം ഡീ ബൂസ്റ്റിങ് വിജയകരം; ലക്ഷ്യത്തിലേക്ക് ഇനി മൂന്ന് നാള്‍
ഇന്ത്യന്‍ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3 വിജയത്തിന് തൊട്ടരികെ. രണ്ടാം ഡീ ബൂസ്റ്റിങ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന് അരികെ എത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു രണ്ടാം ഡീ ബൂസ്റ്റിങ് നടന്നത്. ഇതോടെ കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമായി.
സാങ്കേതിക പരിശോധനകള്‍ തുടരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അവസാന ഘട്ടവും വിജയകരമായി പിന്നിട്ട് വിക്രം ലാന്‍ഡര്‍ ബുധനാഴ്ച വൈകിട്ട് 5.45 ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ലാന്‍ഡര്‍ ഇറങ്ങുക. ഡീബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്ക് (30 കിമീ x 100 കിമീ) എത്തിക്കുക. 30 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റും. ഇതിന് ശേഷമാണ് സ്‌ഫോറ്റ്‌ലാന്‍ഡിങ്ങ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ഇതിനകം 36 ദിവസം പിന്നിട്ടു.