ആ വലിയ ദൗത്യം ലക്ഷ്യത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ; ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിനായി ഇന്ത്യ കാത്തിരിക്കുന്നു

ആ വലിയ ദൗത്യം ലക്ഷ്യത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ; ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിനായി ഇന്ത്യ കാത്തിരിക്കുന്നു
ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യന്‍ ദൗത്യം ഇറങ്ങാന്‍ പോകുന്നത്. വൈകിട്ട് 5.45 മുതല്‍ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊന്‍പത് മിനുട്ടുകളില്‍ ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.

ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും. ഓരോ പരാജയ സാധ്യതയും മുന്‍കൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാല്‍ തന്നെ ഐഎസ്ആര്‍ഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.

ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത് ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ്. ഇന്ത്യന്‍ സംവിധാനങ്ങള്‍ക്ക് പിന്തുണയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.

കാന്‍ബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്‌പേസ് ആന്റിനകള്‍ ചന്ദ്രയാനില്‍ നിന്നുള്ള സിഗ്‌നലുകള്‍ക്കായി കാതോര്‍ത്തിരിക്കും. ലാന്‍ഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അവസാന ഘട്ട കമാന്‍ഡുകള്‍ പേടകത്തിലേക്ക് അയക്കും പിന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‌വെയറാണ്.

മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാന്‍ഡ് ചെയ്യാന്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.



Other News in this category



4malayalees Recommends