ഇതൊരു പുതിയ യുഗത്തിന്റെ പിറവിയാണ് ; അഭിമാന നിമിഷത്തില്‍ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇതൊരു പുതിയ യുഗത്തിന്റെ പിറവിയാണ് ; അഭിമാന നിമിഷത്തില്‍ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയുടെ ചാന്ദ്രദൗത്യ വിജയത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന് അഭിമാന മൂഹൂര്‍ത്തമാണിതെന്നും പുതിയ യുഗത്തിന്റെ പിറവിയാണ് സംഭവിച്ചതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

'രാജ്യത്തെ ഓരോ പൗരനും ആഘോഷിക്കുകയാണ്. ഓരോ വീട്ടിലും ഉത്സവാന്തരീക്ഷം. ഇതൊരു പുതിയ യുഗത്തിന്റെ പിറവിയാണ്.' എന്നായിരുന്നു മോദിയുടെ വാക്കുകള്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു രാജ്യവും ഇതുവരേയും ഇറങ്ങിയിട്ടില്ല. ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിലുടെ നമ്മള്‍ അവിടെ എത്തി. ചന്ദ്രന്‍ വളരെ അകലെയാണെന്ന് നേരത്തെ കുട്ടികള്‍ പറയുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ചന്ദ്രന്‍ ടൂര്‍ പോകാന്‍ ഒരിടം മാത്രമായിരിക്കും എന്നും മോദി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ബ്രിക്‌സ് സമ്മിറ്റില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി.

വിക്രം ലാന്‍ഡര്‍ ചന്ദ്രനെ തൊട്ടതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. ദൗത്യ വിജയത്തോടെ ചാന്ദ്ര ഗവേഷണത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രധാന്യം കൂടിയാണ് ബഹിരാകാശ ഗവേഷണ രംഗത്ത് അടയാളപ്പെടുത്തപ്പെടുക.

ലാന്‍ഡിങ്ങ് വിജയകരമായതോടെ പ്രഗ്യാന്‍ റോവര്‍ ഇനി ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തും. അശോകസ്തംഭവും ഇസ്‌റോയുടെ ചിഹ്നവും റോവര്‍ ചന്ദ്രോപരിതലത്തില്‍ കോറിയിടുന്ന ദൗത്യവും റോവര്‍ പൂര്‍ത്തിയാക്കും. വെള്ളത്തിന്റെ സാന്നിധ്യമുള്‍പ്പെടെ പഠിക്കാന്‍ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ വഴിയാകും ലാന്‍ഡറുമായി ആശയവിനിമയം നടത്തുന്നത്. സോഫ്റ്റ്‌ലാന്‍ഡിങ്ങിന്റെ ചരിത്രവിജയം ഐഎസ്ആര്‍ഒയുടെ സാങ്കേതിക മികവിന്റെ സുവര്‍ണ്ണ നിമിഷം കൂടിയായി.



Other News in this category



4malayalees Recommends