ജാതകദോഷത്തിന്റെ പേരില്‍ എട്ടുവയസ്സുകാരിയെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി. വിജയവാഡ സ്വദേശികളായ കുന്‍ഡേതി ചന്ദ്രശേഖറിന്റെയും ഹിമബിന്ധുവിന്റെയും മകളായ മോക്ഷഗ്‌നയാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ഹൈദരബാദിലാണ് സംഭവം. ഒരേ ഐടി കമ്പനിയില്‍ ജീവനക്കാരാണ് കുന്‍ഡേതിയും ഹിമബിന്ധുവും.
ജോലിയിലെ പ്രകടനം മോശമായതിനെത്തുടര്‍ന്ന് അടുത്തിടെ ചന്ദ്രശേഖറിനെ കമ്പനിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍, തന്റെ ഭാര്യ കാരണമാണ് തനിക്ക് ജോലി നഷ്ടമായതെന്ന് ചന്ദ്രശേഖര്‍ കരുതിയിരുന്നു. ഈ വിഷയത്തില്‍ ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ വന്നതോടെ ഹിമബിന്ധു മകളെയും കൂട്ടി ഭേലിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. അതിനുശേഷം ചന്ദ്രശേഖര്‍ ആഴ്ചയില്‍ രണ്ട് ദിവസം മകളെ കാണാന്‍ എത്തുമായിരുന്നു.
ഇതിനിടെയാണ് ചന്ദ്രശേഖര്‍ തന്റെ മകളുടെ ജാതകത്തില്‍ ചില ദോഷങ്ങളുണ്ടെന്ന് മനസ്സിലാക്കിയത്. മകള്‍ ഭാവിയില്‍ ചില ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമെന്ന് ജാതകത്തില്‍ കണ്ടെത്തിയിരുന്നു. മകളെ കൊലപ്പെടുത്തി ഭാവിയിലെ പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാര്യ ഒറ്റപ്പെടല്‍ അനുഭവിക്കുമെന്നും കരുതി. തുടര്‍ന്ന് ഓഗസ്റ്റ് 18ന് ചന്ദ്രശേഖര്‍ മോക്ഷാഗ്‌നയെ കാറില്‍ കയറ്റി ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സ്‌കൂള്‍ വിട്ട് മോക്ഷാഗ്‌ന തിരിച്ചുവരാന്‍ വൈകിയതിനെ തുടര്‍ന്ന് ഹിമബിന്ധുവിന്റെ ബന്ധുക്കള്‍ ഏറെ വിഷമിച്ചു. ചന്ദ്രശേഖറിനെ അവര്‍ വിളിച്ചുനോക്കിയെങ്കിലും കുട്ടി ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് മകളുടെ മൃതദേഹം ഉപേക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലം തേടി ഇയാള്‍ തരാമതിപ്പേട്ടിനും കൊഹേഡയ്ക്കും ഇടയിലുള്ള ഔട്ടര്‍ റിങ് റോഡില്‍ (ഒആര്‍ആര്‍) കാറില്‍ കറങ്ങി നടന്നു. ഇതിനിടെ കാറിന്റെ ഒരു ടയര്‍ പഞ്ചറാകുകയും വണ്ടി ഡിവൈഡറില്‍ ഇടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിക്കൂടി നാട്ടുകാര്‍ കാറില്‍ മോക്ഷാഗ്‌നയുടെ മൃതദേഹവും ഒപ്പം പരിക്കേറ്റ നിലയില്‍ കുന്‍ഡേതിനെയും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.