അവധിയിലായിരുന്ന വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയ കോളേജ് അധ്യാപിക അറസ്റ്റില്‍. ഒഡീഷ മയൂര്‍ഭഞ്ജിലെ ലുപിയ ബിരുദ കോളേജിലാണ് സംഭവം. തൂലിക ആശ എന്ന അധ്യാപികയാണ് അറസ്റ്റിലായത്.
സുവോളജി വിഭാഗം നാലാം സെമസ്റ്റര്‍ പരീക്ഷ ജൂലൈ 27നാണ് നടന്നത്. ഒരു വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയാന്‍ എത്തിയിരുന്നില്ല. ഈ വിദ്യാര്‍ത്ഥിക്ക് വേണ്ടി പരീക്ഷ എഴുതിയ അധ്യാപിക, പരീക്ഷാ കണ്‍ട്രോളറുടെ ഒപ്പ് വ്യാജമായി ഇടുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍ ആദ്യം അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
'ജൂലൈ 27ന് അവധിയായിരുന്ന വിദ്യാര്‍ത്ഥിയുടെ പരീക്ഷ എഴുതിയ അധ്യാപികയെ ഇന്‍വിജിലേറ്റര്‍മാരില്‍ ഒരാള്‍ കൈയോടെ പിടികൂടുകയായിരുന്നു. ജൂലൈ 26നും അധ്യാപിക ഇതേ വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്' – കോളേജ് പ്രിന്‍സിപ്പല്‍ ഗൗരംഗ മൊഹപാത്രയെ ഉദ്ധരിച്ച് കലിംഗ ടിവി റിപ്പോര്‍ട്ട് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.