ബോളിവുഡ് ചിത്രം കാശ്മീര്‍ ഫയല്‍സിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ച സംഭവത്തില്‍ പരിഹാസവുമായി രംഗത്ത് വന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. 69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡാണ് കശ്മീര്‍ ഫയല്‍സിന് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് പല്ലവി ജോഷി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രത്തിന് അവാര്‍ഡ് ലഭിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ഒമര്‍ അബ്ദുള്ള 'ദേശീയ ഏകീകരണം' എന്ന് കുറിച്ചു. ഒപ്പം പരിഹസിക്കുന്ന ഇമോജിയും പങ്ക് വെച്ചു. എന്നാല്‍, ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ് പങ്കുവെച്ച വിവേക് അഗ്‌നിഹോത്രി തക്കതായ മറുപടി നല്‍കി. 'ഇത് നിങ്ങളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ അവാര്‍ഡാണ് ഒമര്‍ അബ്ദുള്ള. നിങ്ങള്‍ മറിച്ചാണ് അഭിപ്രായം പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ വളരെ നിരാശനാകുമായിരുന്നു. വീണ്ടും നന്ദി,' എന്ന് വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കി.