ക്ഷേത്ര ഭണ്ഡാരത്തില്‍ വന്‍ തുക സംഭാവന ചെയ്ത് ഭക്തന്‍. ആന്ധ്രയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് ഞെട്ടിക്കുന്ന തുകയുടെ ചെക്ക് ലഭിച്ചത്. പക്ഷേ പിന്നീടാണ് ജീവനക്കാര്‍ ശരിയ്ക്കും ഞെട്ടിയത്.
നൂറു കോടി രൂപയുടെ ചെക്കാണ് ഭക്തന്‍ സമര്‍പ്പിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കില്‍ ബൊഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ഒപ്പിട്ടത്. വന്‍ തുകയുടെ ചെക്ക് മാറ്റാനായി അടുത്തുള്ള മഹീന്ദ്ര ബാങ്കിലേക്കെത്തിയ ക്ഷേത്രഭാരവാഹികളുടെ കണ്ണുകള്‍ അക്കൗണ്ട് ബാലന്‍സ് കണ്ട് തള്ളി. വെറും 17 രൂപ! ഇതോടെ ഭാരവാഹികള്‍ക്കുള്ള ഭക്തന്റെ 'ചെക്ക്' ആണിതെന്ന് മനസ്സിലായി.
ചെക്കില്‍ വെച്ച പണി മനസ്സിലായതോടെ സംഭവം പുറത്തറിഞ്ഞു. ചെക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൊട്ടക് മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചില്‍നിന്നാണ് 'ഭക്തന്‍' അക്കൗണ്ട് ആരംഭിച്ചത്. ക്ഷേത്രം ഭാരവാഹികളെ കബളിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ പണിയായതില്‍ ഇയാള്‍ക്കെതിരെ കേസെടുക്കും.