ബോംബെ ഐഐടിക്ക് അജ്ഞാതനില്‍ നിന്ന് 160 കോടി രൂപ സംഭാവന ലഭിച്ചു. താന്‍ സംഭാവന നല്‍കിയത് ആരും അറിയരുതെന്നും സ്വകാര്യത നിലനിര്‍ത്താനായി പേര് വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് പൂര്‍വ വിദ്യാര്‍ഥി 160 കോടി രൂപയുടെ ചെക്ക് നല്‍കിയത്.
യുഎസ്എയില്‍ ഇത് സാധാരണമാണെങ്കിലും, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സംഭാവന ഇത്രയധികം ലഭിക്കുന്നത് ആദ്യമാണെന്നും ഐഐടിബി പണം കാര്യക്ഷമമായും ശരിയായ ആവശ്യത്തിനും ഉപയോഗിക്കുമെന്ന് ദാതാക്കള്‍ക്ക് അറിയാമെന്നും ഐഐടിബി ഡയറക്ടര്‍ സുഭാഷിസ് ചൗധരി പറഞ്ഞു. സാമ്പത്തിക പ്രയാസം കാരണം ബജറ്റ് വെട്ടിക്കുറയ്ക്കുകയും വിപുലീകരണത്തിനായി ഹയര്‍ എജ്യുക്കേഷന്‍ ഫിനാന്‍ഷ്യല്‍ ഏജന്‍സിയില്‍ നിന്ന് വായ്പ എടുക്കുകയും ചെയ്യുന്ന സമയത്താണ് ഈ സംഭാവനയെന്നതും ശ്രദ്ധേയം.
സംഭാവനയായി ലഭിച്ച ഫണ്ട് കാമ്പസില്‍ ഗ്രീന്‍ എനര്‍ജി ആന്‍ഡ് സസ്‌റ്റൈനബിലിറ്റി റിസര്‍ച്ച് ഹബ് സ്ഥാപിക്കുന്നതിനാണ് വിനിയോഗിക്കുക. അതിന്റെ ഒരു ഭാഗം അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗവേഷണത്തിനായി നീക്കിവെക്കും.