ചന്ദ്രയാന്‍ ദൗത്യത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശമ്പളം നല്‍കിയില്ല; ആരോപണവുമായി കോണ്‍ഗ്രസ്
ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ എഞ്ചിനീയര്‍മാര്‍ക്ക് ശമ്പളം ലഭിച്ചില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഐഎസ്ആര്‍ഒയെ പിന്തുണക്കുന്നതില്‍ സര്‍ക്കാര്‍ ഭീകരമായി പരാജയപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ദൗത്യത്തിന്റെ ലാന്‍ഡിംഗിന് ശേഷം സ്‌ക്രീനില്‍ വരാനും ക്രെഡിറ്റെടുക്കാനും മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് താത്പര്യം. ചന്ദ്രയാന്‍ 3ന്റെ ഭാഗമായി പ്രവര്‍ത്തിച്ച എച്ച്ഇസി എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞ 17 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ബഹിരാകാശ ഗവേഷകരുടെ കഴിവുകളെയും കഠിനാധ്വാനത്തെയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കെസി വേണുഗോപാല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
'പ്രധാനമന്ത്രി തന്റെ കാപട്യത്തിന് ചിലര്‍ക്ക് ഉത്തരം നല്‍കണം. ലാന്‍ഡിംഗിന് ശേഷം സ്‌ക്രീനില്‍ വരാനും ക്രെഡിറ്റ് ഏറ്റെടുക്കാനും തിടുക്കം കൂട്ടിയിരുന്നു. എന്നാല്‍ ഐഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞരെയും പിന്തുണക്കുന്നതില്‍ സര്‍ക്കാര്‍ ഇത്ര ഭീകരമായി പരാജയപ്പെട്ടത് എന്തുകൊണ്ട്? ചന്ദ്രയാന്‍ 3 ല്‍ പ്രവര്‍ത്തിച്ച എച്ച്ഇസി എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞ 17 മാസമായി ശമ്പളം ലഭിക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് ഇത്തരം നിര്‍ണായക ദൗത്യങ്ങള്‍ക്കുള്ള ബജറ്റ് 32 ശതമാനം കുറച്ചത്? ഇവരാണ് നമ്മുടെ രാജ്യത്തിന്റെ ഹീറോസ്. അവര്‍ ലോകോത്തര ബഹിരാകാശ ഗവേഷണം നടത്തുന്നു, പക്ഷേ അവരുടെ കഴിവുകളോടും കഠിനാധ്വാനത്തോടും നിങ്ങള്‍ക്ക് ഒരു പരിഗണനയും ഇല്ല'. കെ സി വേണുഗോപാല്‍ പറഞ്ഞു.
ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയെ കെസി വേണുഗോപാല്‍ അഭിനന്ദിച്ചു. ചെയര്‍മാന്‍ ഡോ. സോമനാഥിന്റെ നേതൃത്വത്തില്‍ ചരിത്രം സൃഷ്ടിച്ചെന്ന് കെസി പറഞ്ഞു. ചന്ദ്രയാന്‍ 3ന്റെ ആവേശവും അഭിമാനവും എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.