ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സ്വകാര്യ സ്‌കൂളില്‍ മുസ്ലി വിദ്യാര്‍ഥിയോട് മോശമായി പെരുമാറുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളോട് തല്ലാന്‍ പറയുന്ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചതോടെയാണ് അധ്യാപിക വെട്ടിലായത്.
അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. അധ്യാപികക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. അധ്യാപികയുടെ നടപടി വര്‍ഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പ്രചരിക്കുന്ന വീഡിയോയില്‍ അധ്യാപിക വര്‍ഗീയ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.
മുസഫര്‍നഗറിലെ സ്‌കൂളിലാണ് സംഭവം.
ഗണിത ക്ലാസിലായിരുന്നു സംഭവം. ഗുണനപ്പട്ടിക പഠിക്കാത്തതിന്റെ പേരില്‍ അധ്യാപിക മുസ്ലിം വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ സഹപാഠികളെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് ചില കുട്ടികള്‍ എത്തി കുട്ടിയുടെ മുഖത്തടിച്ചു. അധ്യാപികയുടെ നടപടിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ചെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു. അധ്യാപികക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടതായി ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. അതേസമയം, സംഭവം ഒത്തുതീര്‍പ്പായതിനാല്‍ സ്‌കൂളിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുട്ടിയെ ഇനി ആ സ്‌കൂളില്‍ അയക്കില്ലെന്നും സ്‌കൂള്‍ ഫീസ് തിരികെ നല്‍കിയെന്നും വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് പറഞ്ഞു.