ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠിയെ വിദ്യാര്‍ത്ഥികള്‍ തല്ലിയ സംഭവത്തില്‍ ഇടപെട്ട് കര്‍ഷക നേതാവ് നരേഷ് ടിക്കായത്ത്. തല്ലേണ്ടി വന്ന ഓരോ വിദ്യാര്‍ത്ഥിയെകൊണ്ടും തല്ലുകൊണ്ട തങ്ങളുടെ സഹപാഠിയെ ആലിംഗനം ചെയ്യിക്കുകയായിരുന്നു. മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖുബ്ബാപൂരില്‍ നേരിട്ടെത്തിയാണ് നരേഷ് ടിക്കായത്ത് കഴിഞ്ഞ വ്യാഴാഴ്ച്ച നേഹ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വിളിച്ചുചേര്‍ത്തത്.
തല്ലുകൊണ്ട മുസ്ലീം വിദ്യാര്‍ത്ഥിയെ തല്ലിയ ഓരോ വിദ്യാര്‍ത്ഥിയെ കൊണ്ടും ആലിംഗനം ചെയ്യിക്കുകയായിരുന്നു. പത്രത്തില്‍ വാര്‍ത്ത കണ്ടാണ് നരേഷ് പ്രദേശത്ത് എത്തിയത്. സമൂഹത്തില്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കുഞ്ഞുമനസ്സുകളിലെ ഹിന്ദു, മുസ്ലീം വര്‍ത്തമാനം നല്ലതല്ലെന്നും ടിക്കായത്ത് പറഞ്ഞു.
'2013 ല്‍ മുസഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായതാണ്. ഈ ജില്ല കത്തിക്കാന്‍ ഇനിയൊരിക്കലും അനുവദിക്കില്ല. അതിനാല്‍ ഇത്തരത്തിലുള്ള സംസാരവും ഇനിയുണ്ടാകാന്‍ പാടില്ല. ഇരുപക്ഷത്തേയും വിളിച്ചിരുത്തി സംസാരിച്ചു. പരസ്പര ബഹുമാനത്തോടെ വിഷയം അവസാനിപ്പിക്കും.' എന്നും ടിക്കായത്ത് പറഞ്ഞു.