മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മര്‍ദിച്ച വ്യാപാരിയെ വൈകിട്ട് റബര്‍തോട്ടത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ ബസ്സ്റ്റാന്‍ഡിനുള്ളില്‍ മയൂരി ഗിഫ്റ്റ്ഹൗസ് എന്ന കട നടത്തുന്ന ഏറ്റുമാനൂര്‍ സ്വദേശി എം പി ജോയിയെ (65) ആണ് ഗുരുതരാവസ്ഥയില്‍ എന്‍എസ്എസ് പടിയിലെ റബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയത്. ഇയാളെ കറുകച്ചാല്‍ പൊലീസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 9.30ന് ജോയിയുടെ കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങിയ നെടുംകുന്നം സ്വദേശിനിയെ, തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് ബസ് സ്റ്റാന്‍ഡില്‍വെച്ച് ജോയി മര്‍ദിച്ചിരുന്നു. ഇതുകണ്ട് യാത്രക്കാര്‍ ഓടിക്കൂടിയപ്പോള്‍, വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ജോയി പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി വിവരം തിരക്കിയപ്പോളാണ് മൊബൈല്‍ ഫോണ്‍ കടയില്‍വെച്ച് മാറിപ്പോയ വിവരം അറിയുന്നത്. പണം നല്‍കുന്നതിനിടയില്‍ വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ ജോയിയുടെ മേശപ്പുറത്ത് വെക്കുകയും തിരിക്കിനിടയില്‍ അബദ്ധത്തില്‍ ഫോണ്‍ മാറി എടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോണ്‍ ജോയിയുടെ മേശപ്പുറത്ത് നിന്നും പിന്നീട് കണ്ടെത്തി.
തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്ന് ജോയി പിന്നീട് സമ്മതിച്ചു. ഇതോടെ വീട്ടമ്മ പരാതി നല്‍കാതെ കേസില്‍നിന്ന് പിന്മാറി. വൈകിട്ട് നാലരയോടെ എന്‍എസ്എസ്. പടിക്കലെ റബര്‍ തോട്ടത്തില്‍ ഒരാളെ അബോധാവസ്ഥയില്‍ കണ്ട വിവരം നാട്ടുകാര്‍ കറുകച്ചാല്‍ പോലീസില്‍ അറിയിച്ചു. പൊലീസെത്തിയപ്പോളാണ് ജോയിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലത്തെ സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസികവിഷമത്തില്‍ ജോയി വിഷം കഴിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.