യുപിയില്‍ സഹപാഠികളെക്കൊണ്ട് മുസ്ലീം ബാലനെ അടിപ്പിച്ച സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി ആവശ്യപ്പെട്ടാണ് കത്തയച്ചത്. അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് സ്‌കൂളില്‍ സംഭവിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ ഇത്തരം വിഭജനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ കാലതാമസം പാടില്ല. കുട്ടികള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍ ആദരവും ധാരണയും ഐക്യവും വളര്‍ത്തുന്ന ഒരു അന്തരീക്ഷം അവര്‍ക്ക് നല്‍കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും മന്ത്രി വി ശിവന്‍കുട്ടി യുപി മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലിയിലെ ഖുബ്ബാപൂര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലാണ് അധ്യാപിക തൃപ്ത ത്യാഗി ഏഴുവയസ്സുകാരനെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി നിരവധിപ്പേര്‍ മുന്നോട്ടുവരികയായിരുന്നു. രാജ്യവ്യാപകമായി തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.