മണിപ്പൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. പടിഞ്ഞാറന്‍ ഇംഫാല്‍, തൗബാല്‍ ജില്ലകളിലെ വനമേഖലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് 13 ഗ്രനേഡുകള്‍, 10 ഗ്രനേഡ് ലോഞ്ചറുകള്‍, എം 16 റൈഫിള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കൂടാതെ 19 സ്‌ഫോടക വസ്തുക്കളും പൊലീസുമായി ചേര്‍ന്ന നടത്തിയ സംയുക്ത ഓപ്പറേഷനില്‍ സുരക്ഷാ സേന കണ്ടെടുത്തു.
ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണിപ്പൂരിലെ വംശീയ സംഘട്ടനത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ പൊലീസിന്റെ ആയുധപ്പുരയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ഗ്രനേഡുകളും റൈഫിളുകളുമാണ് കണ്ടെത്തിയത്.
അതേസമയം മണിപ്പൂരില്‍ വീണ്ടും വെടിവെപ്പുണ്ടായി. രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ബിഷ്ണുപൂര്‍ ജില്ലയിലെ നരന്‍സീന ഗ്രാമത്തിലാണ് കുക്കി മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് തുടരുന്നത്. 36 മണിക്കൂറിലധികമായി വെടിവെയ്പ്പ് തുടരുകയാണ്.