ചെസ് ലോകകപ്പില്‍ ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ രണ്ടാംസ്ഥാനംനേടി തിരികെ എത്തിയ ഇന്ത്യയുടെ അഭിമാനമായ ചെസ് താരം പ്രഗ്‌നാനന്ദയ്ക്ക് ഒരുക്കിയത് വന്‍വരവേല്‍പ്. രാജ്യത്ത് തിരികെ എത്തിയ പ്രഗ്‌നാനന്ദ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അടക്കമുള്ളവരെ സന്ദര്‍ശിച്ച് തന്റെ നേട്ടം പങ്കുവെച്ചു.
കഴിഞ്ഞദിവസം ചെന്നൈയില്‍ വന്നിറങ്ങിയ പ്രഗ്‌നാനന്ദയെ സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. പരമ്പരാഗത തമിഴ് കലാരൂപങ്ങള്‍ അവതരിപ്പിച്ചാണ് സ്വീകരണം ഒരുക്കിയത്. പ്രഗ്‌നാനന്ദയുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്ലക്കാര്‍ഡുകളുമായി എത്തി. തൊട്ടുപിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദര്‍ശിച്ച പ്രഗ്‌നാനന്ദയ്ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പാരിതോഷികമായ 30 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പമെത്തിയാണ് പ്രഗ്‌നാനന്ദ സമ്മാനം സ്വീകരിച്ചത്. കായികമന്ത്രി ഉദയനിധി സ്റ്റാലിനും പ്രഗ്‌നാനന്ദയെയും കുടുംബത്തെയും സ്വീകരിക്കാനെത്തി. സ്വീകരണത്തില്‍ സന്തോഷമുണ്ടെന്നും ഇത് ചെസിന് ഏറെ ഗുണകരമായ നടപടിയാണെന്നും പ്രഗ്‌നാനന്ദ പ്രതികരിച്ചു.തന്നെ സ്വീകരിക്കാന്‍ എത്തിയവര്‍ക്ക് പ്രഗ്‌നാനന്ദ നന്ദിയും അറിയിച്ചു.
അതേസമയം, വിശ്വനാഥന്‍ ആനന്ദ് ലോകചാമ്പ്യന്‍ഷിപ്പ് വിജയിച്ച് തിരിച്ചെത്തിയപ്പോള്‍ ചെന്നൈയില്‍ ലഭിച്ച സ്വീകരണത്തിന് സമാനമായ വരവേല്‍പ്പാണ് സഹോദരന് ലഭിച്ചതെന്ന് പ്രഗ്‌നാനന്ദയുടെ സഹോദരിയും ചെസ് താരവുമായ വൈശാലി പറഞ്ഞു.
ഇതിനിടെ പ്രഗ്‌നാനന്ദയുടെ ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ സമ്മാനമായി നല്‍കുമെന്ന് അറിയിച്ചിരുന്ന ഇലക്ട്രിക് കാര്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പ്രഗ്‌നാനന്ദയ്ക്ക് സമ്മാനിക്കുകയും ചെയ്തു.