കഴിഞ്ഞ ദിവസം രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി പൊതുജന മധ്യത്തിലൂടെ നടത്തിയത്. വലിയ വാര്‍ത്തയായിരുന്നു അത്. ഇപ്പോഴിതാ, സംഭവത്തില്‍ ഇരയായ യുവതിക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരുക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍.
അക്രമത്തിന് ഇരയായ യുവതിയെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രഖ്യാപനം. ഇത്തരം ക്രിമിനലുകള്‍ക്കും സംഭവങ്ങള്‍ക്കും പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനവുമില്ലെന്നും മനുഷ്യത്വ രഹിതമായ ഇത്തരം പ്രവൃത്തികളെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ അതിവേഗ കോടതിയില്‍ വിചാരണ ചെയ്ത് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി. രാജസ്ഥാനിലെ പ്രതാപ്ഗര്‍ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് ഇരുപത്തിയൊന്നുകാരിയായ യുവതിയെ നഗ്‌നയാക്കി നടത്തിച്ചത്.
യുവതി മറ്റൊരു യുവാവിനൊപ്പം താമസിച്ചു എന്ന കാരണത്താലാണ് ക്രൂരത കാട്ടിയത്. സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭര്‍ത്താവിനെ വിട്ട് യുവതി മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നു ഭര്‍ത്താവും ബന്ധുക്കളും ബലമായി കൊണ്ടുവന്ന് നഗ്‌നയാക്കി നാട്ടുകാര്‍ക്ക് മുന്നിലൂടെ നടത്തിക്കുകയായിരുന്നു.