ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വിവാദമാവുന്നതിനിടെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തെറ്റുകള്‍ മറച്ചുവെക്കാന്‍ ബിജെപി മതത്തെ ആയുധമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിന് ഇപ്പോള്‍ തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
2002ല്‍ ഗുജറാത്തില്‍ വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോള്‍ ഹരിയനയിലും മണിപ്പൂറിലും അതേശ്രമമാണ് ബിജെപി നടത്തുന്നത്. ജനങ്ങളുടെ മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് അതില്‍നിന്ന് ചൂടുകായാനാണ് അവര്‍ ശ്രമിക്കുന്നത്.
വര്‍ഗീയവാദത്തിന്റെ തീ മണിപ്പൂരിനെയാകെ ചുട്ടെരിച്ചു. മതഭ്രാന്ത് ഹരിയാണയില്‍ നിഷ്‌കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കുന്നു. ആര് അധികാരത്തില്‍ വരണം എന്നതിനേക്കാള്‍ ആര് വരാന്‍ പാടില്ലെന്നതിനെക്കുറിച്ചാണ് 2024 ലെ പൊതുതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
മകന്‍ ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് 'സ്പീക്കിങ് ഫോര്‍ ഇന്ത്യ' പോഡ്കാസ്റ്റില്‍ കടന്നാക്രമണവുമായി സ്റ്റാലിന്‍ രംഗത്തെത്തിയത്.