അധ്യാപകര്‍ വഴക്കു പറഞ്ഞതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളിന്റെ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ പതിനാറുകാരനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്‍ക്കത്തയിലെ കസ്ബയിലാണ് ദാരുണ സംഭവം നടന്നത്.
ഒരു പ്രോജക്റ്റ് പൂര്‍ത്തിയാക്കാത്തതിന് രണ്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥിയെ വഴക്കു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മകന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മകന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
അപമാനിക്കപ്പെട്ടെന്ന് തോന്നിയതോടെയാണ് കുട്ടി ടെറസില്‍ നിന്ന് ചാടിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രസ്താവനയില്‍ പറഞ്ഞു 'ഒരു സ്‌കൂളും ഒരിക്കലും കുട്ടികളെ ഉപദ്രവിക്കില്ല. ഞങ്ങളുടേത് ശിശുസൗഹൃദ നിലപാടുള്ള സ്‌കൂളാണ്. സ്‌കൂളിനെതിരെ ഉയരുന്ന ആരോപണം ശരിയല്ല. അത്തരത്തില്‍ ഒരു അധ്യാപകനും പ്രതികരിക്കില്ല. എന്നുമാണ് സ്‌കൂളിന്റെ വാദം.