പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത്; രാഷ്ട്രപതി ഭവനിലെ ക്ഷണക്കത്തിലും മാറ്റം

പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത്; രാഷ്ട്രപതി ഭവനിലെ ക്ഷണക്കത്തിലും മാറ്റം
ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയത് വിവാദമാകുന്നു. ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യക്കു പകരം പ്രസിഡന്!റ് ഓഫ് ഭാരത് എന്ന് എഴുതിയിരിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കമെന്നും, ഇന്ത്യ സഖ്യത്തെ പിന്തിരിപ്പിക്കാന്‍ ഇതിലൂടെ കഴിയില്ലെന്നും ജയറാം രമേഷ് എക്‌സില്‍ പോസ്റ്റില്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപി ശശി തരൂരും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിന് ഭാരത മാതാവിനോടല്ല ഒരു കുടുംബത്തോട് കൂറെന്ന് ഇതിലൂടെ വ്യക്തമാകുന്നു എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ കുറ്റപ്പെടുത്തി. റിപ്പബ്ലിക് ഓഫ് ഭാരതിലൂടെ രാജ്യം അമൃതകാലത്തിലേക്ക് കടക്കുന്നു എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കുറിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിന് പിന്നാലെ മറ്റൊരു വിവാദ വിഷയം കൂടി കൊണ്ട് വന്ന് തെരഞ്ഞെടുപ്പിന് മുമ്പുള്ള അജണ്ട മാറ്റി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.





Other News in this category



4malayalees Recommends