സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്ത്. തമിഴ്‌നാട് യുവജനക്ഷേമകായിക വകുപ്പ് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ തല വേണ്ടി വന്നാല്‍ താന്‍ തന്നെ വെട്ടുമെന്നും പത്ത് കോടി പാരിതോഷികം വര്‍ദ്ധിപ്പിക്കുമെന്നും പരമഹംസ പറഞ്ഞു. ഉദയനിധിയുടെ തല വെട്ടാന്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പരമഹംസ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.
'സനാതന ധര്‍മ്മത്തെ കുറിച്ച് പറയുന്നതിന് മുന്‍പ് അതിന്റെ ചരിത്രം പഠിക്കണം. ഉദയനിധി സ്റ്റാലിന്‍ മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകനായാലും പ്രശ്‌നമല്ല, ശിക്ഷ ലഭിച്ചിരിക്കും. ഉദയനിധിയുടെ തല വെട്ടിയില്ലെങ്കില്‍ പാരിതോഷികം വര്‍ദ്ധിപ്പിക്കും. ആവശ്യമെങ്കില്‍ അയാളുടെ തല ഞാന്‍ തന്നെ വെട്ടും.' ആചാര്യ പരമഹംസ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച ചെന്നൈയില്‍ വച്ച് ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശമാണ് ഉദയനിധിയെ വിവാദത്തിലാക്കിയത്. 'ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.