നായയുടെ കടിയേറ്റ വിവരം വീട്ടുകാരെ ഭയന്ന് മറച്ചുവെച്ചു, 14കാരന് പേവിഷ ബാധയെ തുടര്‍ന്ന് ദാരുണാന്ത്യം

നായയുടെ കടിയേറ്റ വിവരം വീട്ടുകാരെ ഭയന്ന് മറച്ചുവെച്ചു, 14കാരന് പേവിഷ ബാധയെ തുടര്‍ന്ന് ദാരുണാന്ത്യം
നായയുടെ കടിയേറ്റ വിവരം വീട്ടുകാരോട് പറയാതെ മറച്ചുവെച്ച പതിനാലുകാരന്‍ പേവിഷ ബാധയെ തുടര്‍ന്ന് മരിച്ചു. അയല്‍വാസിയുടെ വളര്‍ത്തു നായയുടെ കടിയേറ്റ വിവരം ഒരുമാസത്തോളമാണ് പതിനാലുകാരന്‍ വീട്ടുകാരെ ഭയന്ന് ആരോടും പറയാതിരുന്നത്.

ഗാസിയാബാദ് ചരന്‍സിങ് കോളനിയില്‍ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹ്വാസ് ആണ് മരിച്ചത്. ബുലന്ദ്ഷഹറില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതോടെ ഗാസിയാബാദിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനിടെയാണ് മരണം.

ഒന്നരമാസം മുമ്പാണ് ഷഹ്വാസിനെ അയല്‍വാസിയുടെ ഉടമസ്ഥതയിലുള്ള നായുടെ കടിയേറ്റത്. എന്നാല്‍, വീട്ടുകാരെ പേടിച്ച് ഇക്കാര്യം ആരെയും അറിയിച്ചില്ല. സെപ്റ്റംബര്‍ ഒന്നിനാണ് ഷഹ്വാസില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായത്. ഭക്ഷണം കഴിക്കാതിരിക്കുകയും അസ്വഭാവികമായി പെരുമാറുകയും ചെയ്തതോടെ വീട്ടുകാരോട് നായുടെ കടിയേറ്റ വിവരം ഷഹ്വാസ് പറയുകയായിരുന്നു.

സംഭവം അറിഞ്ഞ ഉടനെ വീട്ടുകാര്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും എവിടെയും പ്രവേശിപ്പിച്ചില്ല. ഒടുവില്‍ ബുലന്ദ്ഷഹറിലുള്ള ആയുര്‍വേദ ഡോക്ടറുടെ അടുത്തെത്തിച്ചാണ് ചികിത്സ നല്‍കിയത്.

ആരോഗ്യനില വഷളായതോടെ ആംബുലന്‍സില്‍ ഗാസിയാബാദിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം. സംഭവത്തില്‍ വീട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും നായുടെ ഉടമസ്ഥനെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

Other News in this category



4malayalees Recommends