മലയാളി യുവാവിനെ ലിവ്ഇന്‍ പാര്‍ട്ണര്‍ കുത്തിക്കൊന്നു. ബംഗളുരുവില്‍ നടന്ന സംഭവത്തില്‍ ജാവേദ്(29) എന്നായാളാണ് മരിച്ചത്. കഴിഞ്ഞ മൂന്നരവര്‍ഷമായി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രേണുക (34)യാണ് കൊലപാതകം നടത്തിയത്. മലയാളിയായ ജാവേദും കര്‍ണാടകത്തിലെ ബെലഗാവി സ്വദേശിനിയായ രേണുകയും കഴിഞ്ഞ മൂന്നരവര്‍ഷമായി ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. അതിനിടെ രേണുക കത്തിയെടുത്ത് ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജാവേദിനെ കണ്ടെത്തുകയായിരുന്നു. രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു.
ഉടന്‍തന്നെ ജാവേദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രേണുകയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജാവേദിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.