ജി20 ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ സമാപനം. 'ഒരു ഭാവി' എന്ന ഉച്ചകോടിയുടെ അവസാനത്തെ സെഷന്‍ ഇന്ന് നടക്കും. 10.30 മുതല്‍ പന്ത്രണ്ടര വരെയാണ് ചര്‍ച്ചകള്‍ നടക്കുക. ഇന്ന് രാവിലെ രാജ് ഘട്ടില്‍ സന്ദര്‍ശനം നടത്തിയ ലോക നേതാക്കള്‍ ഗാന്ധിജിയുടെ സ്മൃതി കുടീരത്തില്‍ ആദരമര്‍പ്പിച്ചു. ജി20 വേദിയായ ഭാരത മണ്ഡപത്തില്‍ നേതാക്കള്‍ വൃക്ഷത്തൈ നടും.
അതേസമയം കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപവും വെള്ളക്കെട്ടുണ്ടായി. ഇന്റര്‍നാഷണല്‍ മീഡിയ സെന്റിലെ കെട്ടിടത്തിലെ താഴെ നിലയിലും വെള്ളം കയറി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്.ഡല്‍ഹിയില്‍ രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്.
ജി 20 സമ്മേളനത്തിന്റെ ആദ്യ ദിനം പുറത്തിറക്കിയ യുക്രെയിന്‍ സംഘര്‍ഷം കൂടി ഉള്‍പ്പെടുത്തിയുള്ള സംയുക്ത പ്രഖ്യാപനത്തില്‍ റഷ്യയോട് വിട്ടുവീഴ്ച ചെയ്‌തെന്ന വിമര്‍ശനം അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങള്‍ക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തില്‍ സമവായം സാധ്യമാക്കിയത്. ഇതിനെതിരെയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വിമര്‍ശനമുയര്‍ത്തുന്നത്. എന്നാല്‍ റഷ്യന്‍ കടന്നുകയറ്റത്തില്‍ ശക്തമായ താക്കീതുണ്ടെന്നാണ് യുഎസ് എന്‍എസ്എ ജേക്ക് സള്ളിവന്‍ പ്രതികരിച്ചത്. അഭിമാനിക്കാന്‍ ഒന്നുമില്ലെന്നായിരുന്നു യുക്രെയ്ന്‍ പ്രതികരണം.
എന്നാല്‍ ജി20 സംയുക്ത പ്രഖ്യാപനം രാജ്യത്ത് രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കുകയാണ് ബിജെപി. ജി20 അദ്ധ്യക്ഷ പദവിയില്‍ ഏറ്റവും വിജയിച്ച നേതാവ് നരേന്ദ്ര മോദിയെന്നാണ് ബിജെപി പ്രചാരണം. ജി20യുടെ വിജയം നാളെ മുതല്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ജി20 അംഗരാജ്യങ്ങള്‍, ക്ഷണിക്കപ്പെട്ട എട്ട് രാജ്യങ്ങള്‍, 14 അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുടെ തലവന്‍മാരും പ്രതിനിധികളും പങ്കെടുക്കുന്ന പതിനെട്ടാമത് ഉച്ചകോടിയാണ് രണ്ടു ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടക്കുന്നത്. രാജ്യത്തെ 60 നഗരങ്ങളിലായി നടന്ന 220 ജി20 യോഗങ്ങളുടെ സമാപനമാണ് ഉച്ചകോടി