ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ്ങിന്റെ വിലാപയാത്രയ്ക്കിടെ അവസാനമായി സല്യൂട്ട് നല്‍കുന്ന മകന്റെ ചിത്രം നോവാകുന്നു. മന്‍പ്രീതിന്റെ ഭൗതികശരീരം പഞ്ചാബിലെ മുല്ലാംപുറിലെ വീട്ടിലെത്തിച്ചപ്പോഴാണ് ആറ് വയസുകാരന്‍ മകന്‍ മരണത്തിന്റെ അര്‍ത്ഥമൊന്നും അറിയാതെ നിഷ്‌കളങ്കമായി സല്യൂട്ട് നല്‍കി അച്ഛനെ യാത്രയാക്കിയത്.
നാട്ടുകാരെല്ലാം ധീരജവാനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയിരുന്നു. പൊട്ടിക്കരയുന്ന ഭാര്യയും അമ്മയുമെല്ലാം കൂടി നിന്നവരുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ദൃശ്യങ്ങളായിരുന്നു. ആറുവയസുകാരന്‍ സഹോദരന്‍ സല്യൂട്ട് ചെയ്യുന്നതുകണ്ട് അടുത്തുനിന്ന രണ്ടുവയസ്സുകാരിയും കൈപ്പടം നെറ്റിയില്‍വെച്ച് സല്യൂട്ട് അനുകരിക്കാന്‍ ശ്രമിച്ചതും ചുറ്റും നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഈ രംഗത്തിന്റെ വീഡിയോദൃശ്യമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡറായിരുന്നു 41 കാരനായ കേണല്‍ മന്‍പ്രീത് സിങ്. സൈനികബഹുമതിയായ സേന മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സൈന്യവും പോലീസ് സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഭീകരരുടെ വെടിയേറ്റ് കേണല്‍ മന്‍പ്രീത് സിങ്ങ് വീരമൃത്യുവരിച്ചത്.