10,000 രൂപ, 3 ദിവസം, 200 കിലോ ലഗേജ്, ദുബായില്‍ നിന്ന് കേരളത്തിലേക്ക് കപ്പലിലെത്താം

10,000 രൂപ, 3 ദിവസം, 200 കിലോ ലഗേജ്, ദുബായില്‍ നിന്ന് കേരളത്തിലേക്ക് കപ്പലിലെത്താം
10,000 രൂപയ്ക്ക് വണ്‍വേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍... വെറും മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്താം. ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ പ്രവാസികള്‍ക്ക് ഗുണകരമാകും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ കപ്പല്‍ സര്‍വീസിന് തുടക്കമാകും.


ആദ്യം പരീക്ഷണ സര്‍വീസാണ് നടത്തുക. ഇത് വിജയിച്ചാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ നടത്താനാണ് പദ്ധതിയെന്ന് ഇതിന് നേതൃത്വം നല്‍കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ എ റഹീം പറഞ്ഞു. ബേപ്പൂര്‍കൊച്ചി തുറമുഖങ്ങള്‍ മുതല്‍ ദുബായ്!യിലെ മിന അല്‍ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചര്‍ ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതാ പഠനം നടത്താനുള്ള അഭ്യര്‍ത്ഥന മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി ഇ ചാക്കുണ്ണി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. കൂടാതെ, മന്ത്രി വി മുരളീധരന്‍ മുഖേന കേന്ദ്രത്തിനും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.


കേന്ദ്രം സമ്മതം മൂളിയാല്‍ മാത്രമേ ഡിസംബറിലെ പരീക്ഷണയോട്ടം നടത്തും.ഒരു ട്രിപ്പില്‍ 1,250 പേര്‍ക്ക് യാത്ര ചെയ്യാം. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സര്‍വീസിന് ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ദുബായ്‌കേരള സര്‍വീസിന് കണ്ടുവച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി ഉയരുന്നത് പ്രവാസി മലയാളികള്‍ക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. വിമാന നിരക്ക് താങ്ങാനാകാത്തതിനാല്‍ നിരവധി പേര്‍ വേനലവധിക്ക് നാട്ടിലേക്ക് പോകാറുമില്ല. തങ്ങള്‍ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്ക് വിമാന ടിക്കറ്റിനായി ചെലവിടാന്‍ ഇവര്‍ക്ക് കഴിയാത്തതാണ് കാരണം.


കപ്പല്‍ സര്‍വീസ് ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹിം പറഞ്ഞു. കാര്‍ഗോ കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ് 10,000 രൂപയ്ക്ക് നല്‍കാന്‍ സാധിക്കുന്നത്.


Other News in this category



4malayalees Recommends