മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍, മൃതദേഹങ്ങള്‍ കണ്ടെത്താനാവാതെ സിബിഐ

മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍, മൃതദേഹങ്ങള്‍ കണ്ടെത്താനാവാതെ സിബിഐ
മണിപ്പൂരില്‍ നിന്ന് ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മെയ്തി സമുദായത്തില്‍പെട്ട ലിന്തോയിങ്കമ്പി (17), ഫിജാം ഹേംജിത്ത്(20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മണിപ്പൂരിലെ കലാപത്തിനിടെയാണ് രണ്ടുപേരെയും കാണാതായത്. സിബിഐ കേസന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒരു സായുധസംഘത്തിന്റെ കാടിനകത്തുള്ള താല്‍കാലിക ക്യാമ്പിന് സമീപത്തെ പുല്‍ത്തകിടിയിലാണ് മൃതദേഹങ്ങളുള്ളത്. കൊല്ലപ്പെടുന്നതിന് മുന്‍പെടുത്ത ചിത്രത്തില്‍ വിദ്യാര്‍ത്ഥികളുടെ പിന്നില്‍ തോക്കുധാരികളായ രണ്ടുപേരെയും കാണാം. രണ്ടാമത്തെ ചിത്രത്തില്‍ അവരുടെ മൃതദേഹങ്ങള്‍ പുല്ലില്‍ ചെരിഞ്ഞ് കിടക്കുന്നതാണ് കാണുന്നത്. ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രാജ്യമൊട്ടാകെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

വിദ്യാര്‍ത്ഥികളെ കാണാതായ കേസില്‍ ഒരു കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്ന് രണ്ടുപേരുടെയും ദൃശ്യങ്ങള്‍ ജൂലൈയില്‍ തന്നെ ലഭിച്ചിരുന്നു. ചിത്രങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനും രണ്ടുപേരെയും തിരിച്ചറിയുന്നതിനും വിപുലമായ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തും.

'ജൂലൈ മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് കണ്ടു. ജനങ്ങളുടെ ആവശ്യപ്രകാരം ഈ കേസ് ഇതിനോടകം തന്നെ പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്' മണിപ്പൂര്‍ സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പോംജിത്തിനെയും ലിന്തോയിങ്കമ്പിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ വേഗത്തില്‍ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ക്രമസമാധാനം പാലിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.




Other News in this category



4malayalees Recommends