മധ്യപ്രദേശിലെ ഉജ്ജയിനില്‍ 15കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയെ പിടികൂടിയെന്ന് പൊലീസ്. പ്രതി ഓട്ടോറിക്ഷ ഡ്രൈവറായ ഭരത് സോണി എന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചു. പ്രതി പോലീസില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി. സംഭവസ്ഥലത്ത് നിന്ന് പെണ്‍കുട്ടി ധരിച്ച വസ്ത്രങ്ങള്‍ വീണ്ടെടുക്കാനായെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിക്ക് കൈയിനും കാലിനും പരിക്കേറ്റെന്നും ഇന്‍സ്‌പെക്ടര്‍ അജയ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉജ്ജയിന്‍ സ്വദേശിയാണ് പ്രതി.
നടക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചത്. പെണ്‍കുട്ടി ചികിത്സയില്‍ സുഖം പ്രാപിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതിയുടെ ഓട്ടോയില്‍ രക്തക്കറ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസമാണ് കൗമാരക്കാരി ക്രൂരബലാത്സംഗത്തിനിരയായത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വീടുകളില്‍ സഹായത്തിനായി അര്‍ധ നഗ്‌നയായി രണ്ട് മണിക്കൂറോളം യാചിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വീഡിയോ പുറത്തായതോടെയാണ് സംഭവം വാര്‍ത്തയായത്.
പെണ്‍കുട്ടിയെ പിന്നീട് വൈകുന്നേരത്തോടെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തുകയും ഗുരുതര പരിക്കുകളുടെ ചികിത്സക്കായി ഇന്‍ഡോറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ്, സ്വകാര്യഭാഗങ്ങളിലടക്കം മുറിവായി, രക്തമൊലിപ്പിച്ച് ഏകദേശം രണ്ടര മണിക്കൂറോളം സംവ്രഖേഡി സിംഹസ്ത ബൈപാസിലെ റെസിഡന്‍ഷ്യല്‍ കോളനികളില്‍ പെണ്‍കുട്ടി സഹായത്തിനായി അലഞ്ഞു.
എന്നാല്‍, കുട്ടിയെ സഹായിക്കാനോ പൊലീസില്‍ വിവരമറിയിക്കാനോ ആരും മുന്നോട്ടുവന്നില്ല. പരിക്കേറ്റ നിലയില്‍ 8 കിലോമീറ്ററാണ് പെണ്‍കുട്ടി നടന്നത്. ബദ്‌നഗര്‍ റോഡിലെ ദണ്ഡി ആശ്രമത്തിന് സമീപമാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.