പഞ്ചാബിലെ മോഗ നഗരത്തില്‍ വയറുവേദന കൊണ്ടു വലയുന്ന രോഗിയെ എക്‌സറേക്ക് വിധേയനാക്കിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍. രണ്ടു വര്‍ഷത്തിലേറെയായി വയറു വേദന കൊണ്ട് ദുരിതമനുഭവിക്കുന്ന 40 കാരനെ മോഗയിലെ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇയര്‍ഫോണുകള്‍, വാഷറുകള്‍, നട്ട്‌സ്, ബോള്‍ട്ടുകള്‍, വയറുകള്‍, രാഖികള്‍, ലോക്കറ്റുകള്‍, ബട്ടണുകള്‍, റാപ്പറുകള്‍ ,ഹെയര്‍ ക്ലിപ്പുകള്‍, സ്ലിപ്പര്‍ ടാഗ്, മാര്‍ബിള്‍ കഷ്ണം, സേഫ്റ്റി പിന്‍ എന്നിവ ഉള്‍പ്പെടെ നൂറോളം വസ്തുക്കളാണ് എക്‌സറേയില്‍ തെളിഞ്ഞത്. രണ്ടു ദിവസത്തിലേറെയായി ഇയാള്‍ക്ക് കടുത്ത പനിയും വയറു വേദനയും അനുഭവപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ ഇതോടെ എക്‌സറേ എടുക്കുകയായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് വസ്തുക്കള്‍ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞത്.
ആദ്യമായാണ് ഇത്തരമൊരു കേസ് താന്‍ നേരിടുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.
ശരീരത്തിലെ എല്ലാ വസ്തുക്കളും നീക്കം ചെയ്‌തെങ്കിലും ആരോഗ്യ നില തൃപ്തികരമല്ല. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.