മധ്യപ്രദേശില്‍ ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ സഹായിക്കാത്തവര്‍ക്കെതിരെ കേസെടുത്തേക്കുമെന്ന് സൂചന. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വഴി നീളെ സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ ഹൃദയ ഭേദകമായ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി തുടങ്ങിയത്.
പോക്‌സോ ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുന്നത് പരിശോധിക്കുമെന്നാണ് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ജയന്ത് സിങ് റാത്തോര്‍ പറഞ്ഞു.
അതിനിടെ കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു.'ഇങ്ങനെയുള്ള ഒരാള്‍ക്ക് വേറെ എന്ത് ശിക്ഷയാണ് കൊടുക്കാന്‍ കഴിയുക? അത്തരക്കാരെ തൂക്കിലേറ്റിയാല്‍ മാത്രമേ മാതൃകയാവൂ. അത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അങ്ങനെ ചെയ്യണം. അതെന്റെ മകനായാലും ശരി, മറ്റാരായാലും ശരി. ഇത്തരക്കാര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല. സംഭവം നടന്ന ശേഷവും അവന്‍ വീട്ടില്‍ വന്നിരുന്നു. പക്ഷേ അവന്‍ ഈ കുറ്റം ചെയ്തത് ഞാനറിഞ്ഞിരുന്നില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്റെ മകനെ വെടിവെച്ചേനെ' അറസ്റ്റിലായ ഭരത് സോണിയുടെ പിതാവ് രാജു സോണി കണ്ണീരോടെ പറഞ്ഞു.
'ചൊവ്വാഴ്ച പോലും ഉജ്ജയിന്‍ സംഭവം എത്ര ഭീകരമാണെന്ന് ഞങ്ങള്‍ വീട്ടില്‍ സംസാരിച്ചിരുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് അവന്‍ ചോദിച്ചു. അതിനുശേഷം പതിവുപോലെ ജോലിക്ക് പോയി. ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. അവനെ പൊലീസ് പിടികൂടിയതിന് ശേഷമാണ് എന്റെ മകനാണ് പ്രതിയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്' രാജു സോണി പറഞ്ഞു.