ലോകകപ്പില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച ഹൈദരാബാദിലെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് സംഘം വിമാനത്താവളത്തിന് പുറത്തും ഹോട്ടലിലും ഊഷ്മളമായ സ്വീകരണമാണ് ഏറ്റുവാങ്ങിയത്. നിരവധി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരുടെ ഗംഭീര സ്വീകരണത്തിന് നന്ദി അറിയിച്ചു. എന്നാലിപ്പോഴിതാ പാകിസ്ഥാന് ഇന്ത്യയില്‍ ലഭിച്ച വമ്പിച്ച സ്വീകരണത്തില്‍ വിചിത്ര അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മുഷ്താഖ് അഹമ്മദ്.
അഹമ്മദാബാദിലും ഹൈദരാബാദിലും ധാരാളം മുസ്ലീങ്ങളുള്ളതിനാലാണ് പാക് ടീമിന് ഇത്രമികച്ചൊരു സ്വീകരണം ലഭിച്ചതെന്ന് ഒരു പ്രാദേശിക മാധ്യമ ചാനലുമായുള്ള സംഭാഷണത്തില്‍ മുഷാതാഖ് പറഞ്ഞു. 'അഹമ്മദാബാദും ഹൈദരാബാദും മുസ്ലീങ്ങളുടെ ജനസംഖ്യ വളരെ കൂടുതലുള്ള നഗരങ്ങളാണ്. അതിനാലാണ് വിമാനത്താവളത്തിലും മറ്റും നിങ്ങള്‍ ഈ ആരാധക പിന്തുണ കാണുന്നത്' അദ്ദേഹം പറഞ്ഞു.
ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തുന്നത്. 2016ല്‍ ടി20 ലോകകപ്പിനായിട്ടാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയിലെത്തിയത്. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയും പാകിസ്ഥാനും ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് കളിക്കുന്നത്. ഒക്ടോബര്‍ 14 ന് അഹമ്മദാബാദില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇരു ടീമുകളും ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടും.