മെയ്തി വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ നാലുപേര്‍ പിടിയില്‍; പ്രതികളെ സംഘം ചേര്‍ന്ന് മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തടയാന്‍ വിമാനത്തില്‍ പറന്ന് സിബിഐ

മെയ്തി വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ നാലുപേര്‍ പിടിയില്‍; പ്രതികളെ സംഘം ചേര്‍ന്ന് മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തടയാന്‍ വിമാനത്തില്‍ പറന്ന് സിബിഐ
മണിപ്പൂര്‍ കലാപത്തിന്റെ ഭാഗമായി മെയ്തി വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. മെയ്തി വിദ്യാര്‍ത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് അറസ്റ്റിലായിട്ടുള്ളത്. പോമിന്‍ലുന്‍ ഹാവോകിപ്, മല്‍സോണ്‍ ഹാവോകിപ്, ലിങ്‌നിചോങ് ബെയ്‌തെ, തിന്നെഖോല്‍ എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സിബിഐയ്ക്ക് കൈമാറി. ഇവരെ ഉടന്‍ തന്നെ വിമാനമാര്‍ഗം ഗുവാഹത്തിയിലേക്ക് മാറ്റി. സംഘം ചേര്‍ന്ന് മോചിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേന്ദ്രസേനയുടെയും പൊലീസിന്റെയും സംയുക്ത നീക്കത്തെ തുടര്‍ന്നാണ് അറസ്റ്റ്. നാലുപേരെയും റോഡുമാര്‍ഗം വേഗത്തില്‍ വിമാനതാവളത്തില്‍ എത്തിച്ചു. അവിടെ കാത്തുനിന്ന സിബിഐ സംഘത്തിന് കൈമാറി. അടുത്ത വിമാനത്തില്‍ തന്നെ അറസ്റ്റിലായവരുമായി സിബിഐ സംഘം ഗുവാഹത്തിയിലേക്ക് തിരിച്ചു.

അതേസമയം, മണിപ്പൂര്‍ സംഘര്‍ഷാവസ്ഥയ്ക്ക് പിന്നില്‍ വിദേശ ശക്തികളാണെന്ന് എന്‍ഐഎ വ്യക്തമാക്കി. സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലാദേശും മ്യാന്‍മാറും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണെന്ന് എന്‍ഐഎ കണ്ടെത്തല്‍. ബംഗ്ലാദേശും മ്യാന്‍മാറും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദി ഗ്രൂപ്പുകള്‍ വംശീയ കലാപത്തിനായി ഇന്ത്യയിലെ ഭീകര സംഘടനകളുമായി ഗൂഢാലോചന നടത്തിയതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചുരാചന്ദ്പൂരില്‍ നിന്ന് മിന്‍ലുന്‍ ഗാംഗ്‌ടെ എന്ന വ്യക്തിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമം നടത്തിയെന്നാണ് എന്‍ഐഎ കണ്ടെത്തിയിരുന്നു. മണിപ്പൂര്‍ പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മിന്‍ലുന്‍ അറസ്റ്റിലായത്.

Other News in this category



4malayalees Recommends