രാജസ്ഥാനിലെ പാലി ജില്ലയില്‍ നാലു വയസ്സുള്ള ദളിത് ബാലികയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ ആക്രമിച്ചു. സ്‌കൂളിലെ ഫര്‍ണീച്ചറുകള്‍ തല്ലിതകര്‍ക്കുകയും മാനേജരെ മര്‍ദ്ദിക്കുകയും ചെയ്തു. സ്‌കൂളിലെ അധ്യാപകനായിരുന്ന രവി വഗോരിയ കുട്ടിയെ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായാണ് കുടുംബത്തിന്റെ ആരോപണം.
സെപ്തംബര്‍ 22ന് സ്‌കൂള്‍ പരിസരത്തു വച്ചാണ് അധ്യാപകന്‍ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. കുട്ടിയുടെ സ്വകാര്യ ഭാഗത്തു മുറിവുണ്ടെന്ന് അമ്മ സ്‌കൂളിലെ പ്രധാന അധ്യാപകനെ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടി തന്നെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചതായിരിക്കുമെന്നായിരുന്നു പ്രധാന അധ്യാപകന്റെ മറുപടിഎന്ന് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തുടര്‍ന്ന് കുടുംബം പൊലീസില്‍ വിവരം അറിയിച്ചു. പോക്‌സോ ചുമത്തി അധ്യാപകനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.